
ന്യൂഡൽഹി: ദീർഘദൂര യാത്രക്കാർക്കായി ഒമ്പത് പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് നിരാശ. പശ്ചിമ ബംഗാൾ, അസം, മഹാരാഷ്ട്ര, ഡൽഹി, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാണ് പുതിയ റൂട്ടുകൾ. പശ്ചിമ ബംഗാളിന് വലിയ പരിഗണന ലഭിക്കുമ്പോഴാണ് കേരളത്തിന് ഒരു ട്രെയിൻ പോലും അനുവദിക്കപ്പെടാത്തത് എന്നതും ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാളിന് കൂടുതൽ മുൻഗണന ലഭിച്ചതായാണ് വിലയിരുത്തൽ. ബംഗാളിൽ നിന്ന് ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് അധികം സർവീസുകളും. ഗുവാഹാത്തി–റോഹ്താക്, ദിബ്രുഗഡ്–ലഖ്‌നൗ, ന്യൂ ജൽപായ്ഗുരി–തിരുച്ചിറപ്പള്ളി, ന്യൂ ജൽപായ്ഗുരി–നാഗർകോവിൽ, ആലിപുർദ്വാർ–എസ്എംവിടി ബെംഗളൂരു, ആലിപുർദ്വാർ–മുംബൈ, കൊൽക്കത്ത–താംബരം, കൊൽക്കത്ത–ആനന്ദ് വിഹാർ ടെർമിനൽ, കൊൽക്കത്ത–ബനാറസ് എന്നീ റൂട്ടുകളാണ് പ്രഖ്യാപിച്ചത്.
കുറഞ്ഞ നിരക്കിൽ ദീർഘദൂര യാത്ര സാധ്യമാക്കുന്ന നോൺ എസി ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്പ്രസ്. 800 കിലോമീറ്ററിൽ അധികം ദൂരമുള്ള നഗരങ്ങളെയോ നിലവിലുള്ള സർവീസുകൾ വഴി പത്ത് മണിക്കൂറിലധികം യാത്ര സമയം ആവശ്യമായ പ്രദേശങ്ങളെയോ ബന്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.











